Friday, January 30, 2009

ഒരു പാവം തന്തപ്പടി..!!!

ആദ്യമായാണു്‌ ലേഖകര്‍ ആത്മകഥാംശമുള്ള ഒരു കഥ പറയുന്നത്...അതിനാല്‍ത്തന്നെ അതിന്റേതായ തെറ്റുകളും കുറവുകളും കാണും...മാന്യ ആസ്വാദകര്‍ ക്ഷമിക്കുമെന്നു കരുതുന്നു....


ഇനി നമുക്കു കഥ പറയാം....

അന്നേതോ ഒരു ദിവസമായിരുന്നെന്നു തോന്നുന്നു....രാവിലെ 7:30ന്റെ വണ്ടിക്കു തന്നെ അച്ചൻ തലസ്ഥാന നഗരിയിലെത്തിച്ചേർന്നു...നേരെ വച്ചു പിടിച്ചു മകന്റെ മുറിയിലേക്ക്..പ്രതീക്ഷിച്ച പോലെ തന്നെ ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടു കൂടി കന്യാകുമാരിയിൽ കയ്യും വച്ചു കിടന്നുറങ്ങിക്കൊണ്ട് മകൻ വാപ്പയ്ക്ക് ഗംഭീര സ്വീകരണം കൊടുത്തു...സ്നേഹത്തോടെ നെറുകയ്യിൽ തലോടിക്കൊണ്ട് അപ്പൻ മകനെ വിളിച്ചു......”മാനെ മത്തായിക്കുഞ്ഞേ...എണീക്കെടാ...സമയം ഒത്തിരിയായി...”

“ആ അപ്പനോ....ഇതെന്നാ അപ്പാ ഇത്ര നേരത്തെ...എനിക്കുറങ്ങി മതിയായില്ലെന്നേ...രണ്ടു മിനുട്ടു കൂടെ അപ്പോ...ഇപ്പൊ എഴുന്നേക്കാമെന്നേ...”പിന്നേ...അപ്പനല്ല അപ്പൂപ്പൻ കുഴിയിൽ നിന്നെണീറ്റു വന്നാലും മത്തായിക്കു ------ തന്നെ...!!

ഒരു പത്ത്-പത്തരയായപ്പൊ തലേന്നത്തെ കെട്ട് വിടാതെ മത്തായിക്കൊച്ച് ആടിയാടി അപ്പന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു....”എന്നാ ഉണ്ടപ്പാ....വീട്ടിലെല്ലാവര്‍ക്കും സുഖമല്ലേ?”
“ഓ എന്നാ പറയാനാടാ ..വീട്ടിലെ കാര്യമൊക്കെ നിനക്കറിഞ്ഞൂടെ... കൃഷിയൊക്കെ മോശമാടാ..എന്നാലും കുഴപ്പമില്ല...ഒരു സർക്കാരു ജോലിയുണ്ടായതു കൊണ്ട് നമുക്കു മുട്ടു വരത്തില്ല...എന്റെ കൊച്ച് അതൊന്നും അറിയണ്ട...നിനക്കു പഠിക്കണ്ടത്ര നീ പഠിച്ചോടാ..അതിനുള്ള വകയൊക്കെ ദൈവം സഹായിച്ച് നമുക്കൊണ്ട്..നീ ധൈര്യമായിരിയെടാ മോനെ....ആ എടാ നിനക്കിന്ന് ലീവല്ലേ...റെഡിയാവ് നമുക്കൊന്ന് പുറത്ത് പോയി വരാം....”
“എങ്ങോട്ടാ അപ്പോ..? ഈ രാവിലെ തന്നെ..? ഭക്ഷണം വേണേൽ നമുക്ക് ഇവിടെ വരുത്താംന്നേ...”
“അതല്ലെടാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ടെടാ....“
“രണ്ട് മിനുട്ട്...ഞാനിതാ എത്തി...”
“ശരിയെടാ..”
“അപ്പാ പോകാം....”
“ഡാ...നിന്റെ വണ്ടിയെറക്ക്...”
ഈ അപ്പനെന്ത് പറ്റിയോ ആവോ....എന്തോ കാര്യമായി പറയാനുണ്ടെന്നു തോന്നുന്നല്ലോ...ദൈവമേ ഇനി വെള്ളമടിയെങ്ങാൻ വീട്ടിൽ അറിഞ്ഞോ ആവോ...വരുന്നിടത്തു വച്ച് കാണാം.....

“അപ്പാ ഇനിയെങ്കിലും പറ എങ്ങോട്ടാ ഈ പോണേ..?”
“നമുക്കൊന്ന് പൊൻ‌മുടി പോയി വരാംന്നേ..”
ഇതെന്നാ പ്‌രാന്താണെന്നു നോക്കണേ..കഴക്കൂട്ടം സ്വദേശി ബാബു പോലും പറയാത്ത കാര്യമല്ലിയോ ഈ അപ്പൻ പറേണേ...എന്തേലുമാവട്ടെ ചിലപ്പോ കാണാനുള്ള കൊതി കൊണ്ടാകും....കൊണ്ടു പോയി കാണിച്ചേക്കാം....
“ശരി അപ്പാ...”
വഴിക്ക് ഇന്ത്യൻ കോഫീ ഹൌസിൽ ചെന്ന് ഭക്ഷണം കഴിക്കാനിരുന്നു രണ്ടു പേരും....
“മോനെ..അപ്പനിപ്പൊ പഴയ പോലെ വയ്യെടാ...അമ്മച്ചിക്കാണേൽ നിനക്കറിയാല്ലോ....പാവത്തിനൊന്ന് നടു നിവർത്താൻ പോലും വയ്യാതായി...ഇനി നിങ്ങൾ രണ്ടു പേരും വേണം എല്ലാത്തിനും ഓടി നടക്കാൻ....അവന്റെ കാര്യം വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു...ഞങ്ങടെ കൺ‌വെട്ടത്തല്ലിയോ അവൻ...അത്യാവശ്യത്തിനു പഠിക്കുന്നൊക്കെയുണ്ട്..എന്നാലും അമ്മച്ചിക്ക് അവന്റെ പഠിത്തത്തെ പറ്റി എന്തെന്നില്ലാത്ത ആധിയാ...നിന്നെപ്പോലെ അവനെയും അപ്പന് പഠിപ്പിച്ച് ഏതെങ്കിലും നല്ല കോളേജിൽ ചേർക്കണം..ആ....! കർത്താവീശോമിശിഹാ എല്ലാം നടത്തിത്തരുമായിരിക്കും.....”

ഈ അപ്പനെന്തറിഞ്ഞിട്ടാണാവോ നല്ല കോളേജെന്നു് പ്രസ്താവിച്ചത്...ഞാനിതു വരെ അവിടെ നല്ലതൊന്നും കണ്ടിട്ടില്ല.... നല്ല ഒരു ചരക്കു പോലുമില്ല...പിന്നല്ലേ..!അറിവില്ലായ്മ കൊണ്ടു സംഭവിച്ച അബദ്ധമല്ലേ സഹിച്ചേക്കാം..പോട്ടെ...!!

“അപ്പാ പോകാം.ഒത്തിരി വൈകണ്ട...”

പൊൻ‌മുടിയെത്തി ചില്ലറ കറക്കമൊക്കെ കറങ്ങി നേരം സന്ധ്യയാകാറായപ്പോ മെല്ലെ മത്തായിക്കുഞ്ഞ് പ്രഖ്യാപിച്ചു....“ഇവിടത്തെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു കഴിഞ്ഞു..ഇനി നമുക്ക് നീങ്ങിയാലോ...?“

“നില്ലെടാ മോനേ..ഇനി ഒരു സ്ഥലം കൂടെയുണ്ടെടാ...“

അതേതാണാവോ ഞാൻ കാണാത്ത ഒരു സ്ഥലം പൊൻ‌മുടിയിൽ...”അപ്പോ അപ്പനിവിടെ മുൻപ് വന്നിട്ടുണ്ടോ? “
“നീ വാ...പറയാം...”
നേരെ മകനെയും കൂട്ടി അപ്പൻ പോയത് കെ.ടി.ഡി.സി. യുടെ ബിയർ പാർലറിലേക്കായിരുന്നു...ഈ അപ്പനെന്തു മണ്ടത്തരമാ ഈ കാണിക്കുന്നേന്നും ചിന്തിച്ച് അന്തം വിട്ടു നിക്കുന്ന മത്തായിക്കുഞ്ഞിനെ അപ്പൻ നിർബന്ധിച്ച് അകത്തേക്ക് കയറ്റി...
അല്ല...മനുഷ്യന്മാർ ഇങ്ങനെയും മാറുമോ? ഇതു വരെ മദ്യം കൈ കൊണ്ടു തൊടാത്ത ആളാ...ഇതെന്നാ പേക്കൂത്ത്..അതും സ്വന്തം മകനെയും കൂട്ടി....

അകത്തു ചെന്ന് ചിരപരിചിതനെപ്പോലെ അപ്പൻ വിളിച്ചു പറഞ്ഞു....“ഒരു കിങ്ഫിഷർ ചിൽഡ്...”
അല്പസമയത്തിനകം ബെയറർ സാധനവുമായി വന്നു....
എന്തോ വലിയ കാര്യം ചെയ്യുന്ന മട്ടിൽ അപ്പൻ അതു പതിയെ രണ്ട് ഗ്ലാസിലായി പകർന്നു .... എന്നിട്ട് മകനോട് പ്രഖ്യാപിച്ചു...”മാനെ കഴിയെടാ....”
“എനിക്കെങ്ങും വേണ്ട അപ്പാ...അപ്പൻ കഴിച്ചോ...അല്ല അപ്പനിതെന്നാ പറ്റി..? അപ്പൻ തന്നെയല്ലേ ഇതൊന്നും വേണ്ടായെന്നു ഞങ്ങളെ പഠിപ്പിച്ചേ..പിന്നിതെന്നതാ കാണിക്കുന്നേ?..എനിക്കു വയ്യ പുതിയതായി ഒന്നും തുടങ്ങാൻ.....(പയ്യെത്തന്നെ!!!)..”
“എടാ കൊച്ചനേ...വല്ലപ്പോഴും ബിയറ് കഴിക്കുന്നതു കൊണ്ടു കുഴപ്പമൊന്നുമില്ലെന്നാ....”
“അപ്പോ അപ്പൻ ഇതു കഴിക്കാറുണ്ടൊ? “
“ഇല്ലെടാ.ഞാനിതുവരെ കഴിച്ചിട്ടില്ല്ല...ആദ്യമായിട്ടാ....ആ..പിന്നെ ഇതു തന്നെ വല്ലപ്പോഴും മാത്രം മതീട്ടോ..ഇതല്ലാതെ വേറെ വേണ്ടാത്ത പരിപാടികളൊന്നും വേണ്ട..കേട്ടോടാ..അല്ലേലും നിന്നോട്‌ പറഞ്ഞു തരണ്ട ആവശ്യം ഇല്ലെന്നറിയാം...”
വളരെ ബുദ്ധിമുട്ടി രണ്ടു കവിൾ അകത്താക്കുന്ന അപ്പനെ നോക്കി മഹൻ സ്നേഹപൂർവം ഒന്നു സഹതപിച്ചു....എന്തു ചെയ്യാൻ..പാവം...പിന്നെ അപ്പനെ വിഷമിപ്പിക്കണ്ടെന്നു കരുതി അവനും കുറച്ചു കുടിച്ചു....പിന്നെ ഒന്നു മൂഡായപ്പൊ..അതെടുത്തു കമിഴ്ത്തി..(ചൊട്ടയിലെ ശീലം ചുടല വരെ!!)...അടുത്ത ബിയറിനു ഓർഡറും കൊടുത്തു.....അന്തം വിട്ടു നിക്കുന്ന തന്റെ പാവം തന്തയെ നോക്കി മത്തായിക്കുഞ്ഞ് മൊഴിഞ്ഞു....
“ അപ്പാ...വല്ലപ്പോഴും കഴിക്കുന്നതു കൊണ്ടു കുഴപ്പമൊന്നുമില്ല...”



by

ഒ.പി ഓശ & ഓശ പി.ഒ...