Friday, July 23, 2010

ആത്മകഥ അഥവാ ഒരു മൂഞ്ചന്റെ പ്രണയകഥ..

ഇതില്‍ എന്തേലും എഴുതണം എന്നുണ്ടേല്‍ ആദ്യം ഞാന്‍ പ്രണയം തുടങ്ങണം...പക്ഷേ,ഒരു കാര്യം ഞാന്‍ ഉറപ്പു തരാം..തലവാചകം പാഴാകില്ല..

Friday, July 16, 2010

ബലിക്കാക്ക

കീറിപ്പറിഞ്ഞ ചാക്കിന്റെ അഗാധതയിലെവിടെയോ ഒളിഞ്ഞു കിടക്കുന്ന ചൂടും തിരഞ്ഞ് വാസു ചുരുണ്ടുകിടന്നു. നാണുവേട്ടന്‍ ഇതു വരെ 'വരദ' തുറന്നില്ല്. ഇനിയും പരക്കാത്ത വെളിച്ചത്തെയും ശപിച്ച് കിടക്കാനല്ലാതെ ആ പാവത്തിന് വേറെ നിവ്റ്ത്തിയുണ്ടായിരുന്നില്ല.

നാലുപീടിക നിരത്തിലെ 'വരദ' ഹോട്ടല്‍ ലോകപ്രശസ്തമാണ് അല്ലെങ്കില്‍ ആകും. കാരണം, വര്‍ഷമായി വാസുവിന് നേരവും ജീവന്‍ നിലനില്‍ക്കാനുള്ള ആഹാരം നല്‍കുന്നത് 'വരദ'യും നാണുവേട്ടനുമാണ്. കിട്ടുന്ന ഭക്ഷണത്തിന്റെ സിംഹഭാഗവും വാസു തെരുവുപട്ടികള്‍ക്കും,ഒറ്റക്കണ്ണന്‍ കാക്കയ്ക്കും,മൂളിപ്പായുന്ന വലിയ ഈച്ചകള്‍ക്കുമായി പങ്ക്‌വയ്ക്കുമെങ്കിലും, നാണുവേട്ടന്‍ ഇതു വരെ വാസുവിനെ ആട്ടിപ്പായിച്ചിട്ടില്ല,തന്തയ്ക്ക് വിളിച്ചിട്ടില്ല,പകരം; ഒരു ചാക്കും കടത്തിണ്ണയുടെ ഒരു മൂലയും കൊടുത്തു. പിന്നെ ഒരു കുഴിപ്പിഞ്ഞാണവും. കട തുറക്കുന്നതിനു മുന്‍പ് വാസു തിണ്ണ മുഴുവന്‍ വെടിപ്പാക്കിയില്ലേല്‍ ജപ്തി നടപടി ഉണ്ടാകുമെന്ന ഒരു കൊച്ചു ഭീഷണിയും.

അന്ന് വാസുവിനു പ്രാതലിന് അപ്പവും കടല ഇഷ്ടുവും കൊടുക്കുമ്പോള്‍ പതിവു പോലെ നാണു പറഞ്ഞു. "വാസോ, നിന്നെ ഈ ലോകത്ത് ഏതു പുല്ലന്‍ വെറുത്താലും നീ നോക്കണ്ട. കാരണം നീ നല്ലവനാ..ഒരു പക്ഷെ, പഞ്ചായത്തു പ്രസിഡേണ്ടിനേക്കാള്‍ നല്ലവനാ.നിന്നെ എന്റെ വീട്ടിലേക്ക് ഒരു ദിവസം ഞാന്‍ വിളിക്കുമെടാ...പക്ഷെ ആ കാലമാടത്തി കലിപ്പാകുമോ എന്നോര്‍ത്താ..തല്‍ക്കാലം നീയും നിന്റെ സഹജീവികളും ഇതു കഴിക്ക്.." ഈ പഞ്ചായത്തു പ്രസിഡണ്ട് എപ്പഴാ നല്ലവനായേ എന്ന അത്ഭുതത്തോടെ വാസു തന്റെ പങ്ക് കഴിച്ച് ബാക്കി വീതം വച്ചു.

കര്‍ക്കിടകം രണ്ടിന് വരദ തുറന്നില്ല.വാസുവും കുടുംബാങ്കങ്ങളും ഭക്ഷണം കഴിച്ചില്ല. അടച്ചിട്ട കടയ്ക്ക് മുന്നില്‍ സത്യാഗ്രഹികളെപ്പോലെ ആ ജീവജാലങ്ങള്‍ കിടന്നു. വെളിച്ചം പരക്കുംതോറും അവയുടെ ബോധം കുറഞ്ഞു വന്നു.

"വാസോ...വാസോ.."

നാണുവേട്ടന്റെ ഭാര്യ കാര്‍ത്ത്യായനിയമ്മ... കണ്ണ് കലങ്ങിയിരിക്കുന്നു..മുണ്ടിന്റെ കോന്തല നനഞ്ഞു കുതിര്‍ന്നിരിക്കുന്നു..

"എന്താ ഏമാനത്തീ.."

"നീ വാ വാസോ വീട്ടിലേക്ക്...എട്ടന്‍ ഇന്നു നിന്നെ അങ്ങോട്ടു വിളിക്കാന്‍ പറഞ്ഞു."

വാസു നടന്നു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പട്ടിയും,ഈച്ചകളും പിറകെ ചെന്നു.
മുറ്റത്തു ചെമ്പരത്തികള്‍ പൂത്തുനില്‍ക്കുന്ന, ഒരു കൊച്ചു വീട്..മുറ്റത്തിനു ചുറ്റും പന്തലിടാനായി തൂണുകള്‍ നാട്ടിയിരിക്കുന്നു. ഒരു മൂലയില്‍ ഒറ്റക്കണ്ണന്‍ നേരത്തെ തന്റെ പങ്ക് പറ്റിത്തുടങ്ങിയിരുന്നു.വാസു വരാന്തയിലെ ഇരിത്തിയില്‍ ചെന്ന് ഇരിപ്പുറപ്പിച്ചു.അതിന്റെ തൊട്ടു താഴെ മുറ്റത്ത് പട്ടിയും. കാര്‍ത്ത്യായനി അമ്മ വാസുവിന്‌ ആഹാരം കൊടുത്തു. ഇത്തവണ ഒരു ഇല നിറയെ ഭക്ഷണം പട്ടിക്കും.ഒറ്റക്കണ്ണന്‍ നേരത്തെ തന്നെ ഒരു പന്തി കഴിഞ്ഞ ഭാവത്തില്‍ ഇരിക്കുന്നു. ഡെറ്റോളിന്റെ മണം കാരണം തലകറക്കവും മനം പുരട്ടലും ഉണ്ടായ ഈച്ചകള്‍ മാത്രം പട്ടിണിയായി.

"വാസോ..ഏട്ടന്‍ പറയുമായിരുന്നു..ഈ ലോകത്ത് ആര് എന്ത് പറഞ്ഞാലും എനിക്ക് ജീവന്‍ ഉള്ളിടത്തോളം കാലം അവനു ഞാന്‍ വെള്ളവും ഭക്ഷണവും കൊടുക്കുമെന്ന്. അന്ന് ഞാന്‍ അതിന് എതിരായിരുന്നു.ഇന്ന്, ഏട്ടന്‍ ഇല്ലെങ്കിലും നിനക്ക് ഭക്ഷണത്തിന് മുട്ടു വരരുതെന്ന് എനിക്ക് നിര്‍ബന്ധമാ.."

കഴിച്ച ചോറിന്റെ ഉരുള തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിപ്പോയി വാസുവിന്..
അപ്പോഴാണ് വാസുവിന് ഒറ്റക്കണ്ണന്‍ കാക്ക ബലിക്കാക്കയാണെന്നും താന്‍ കഴിക്കുന്നത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബലിച്ചോറാണെന്നും മനസ്സിലയാത്‌...